കയ്യിലുണ്ടായിരുന്ന ഫോണിൽ സാമാന്യം തരക്കേടില്ലാതെ ഫോട്ടോകൾ എടുത്ത് നടന്നിരുന്ന കാലം, ഇടയ്ക്ക് എപ്പോഴൊ തൊട്ടടുത്ത് ആശുപത്രി വളപ്പിന്റെ ഒരു വശമാകെ തണലുവിരിച്ച് നിന്നിരുന്ന പടുകൂറ്റൻ മരത്തെ ഒന്ന് നോക്കിനിന്നു പോയി.
നീലയും വെള്ളയും കലർന്ന കാൻവാസ് പോലെ നീലാകാശവും പഞ്ഞികെട്ടുപോലെ വെള്ള മേഘങ്ങളും, അതിൽ ഒരു കഴിവുറ്റ കലാകാരൻ വളരെ ലളിതമായ് വരച്ചുവച്ച അതി മനോഹരമായ കലാസൃഷ്ടി, അതിൽ കൂടുതലായി ഒന്നും പറയാനില്ല.
അന്ന് എടുത്ത ആ ചിത്രം അങ്ങനെ മനസിൽ ഒരുപാട് പ്രിയപ്പെട്ടതായി തീർന്നു, ചിത്രം മാത്രമല്ല അത് സമ്മാനിച്ച കലാകാരനും. അത്രയും കാലം കാണാതെ പോയ ആ കലാസൃഷ്ടി വല്ലാതെ ഇഷ്ടമായ് .
നാട്ടിലെ ഗവർൺമെന്റ് ഹോസ്പിറ്റൽ സുപരിചിതമായ ഇടമായത് കൊണ്ടും ഇടക്കൊക്കെ അതുവഴി പോകുന്നതു കൊണ്ടും വീണ്ടും വീണ്ടും ആ മരത്തെയും അത് മാനത്ത് വരച്ച ചിത്രത്തേയും കാണാൻ പറ്റുമായിരുന്നു , മാനം നിറഞ്ഞ് നിന്ന് പതിയെ പതിയെ പുതിയ ചില്ലകളും തളിരിലകളും ഒക്കെ വിരിച്ച് ആ മരം തന്റെ കലാസൃഷ്ടിയെ വീണ്ടും മികവുറ്റതാക്കി പോന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം വീണ്ടും യദ്രിശ്ചികമായ് ഹോസ്പിറ്റലിൽ പോകാനിടയായി, എന്നത്തെയും പോലെയല്ല ഇന്ന് , പറഞ്ഞറിയിക്കാനാകാത്ത ഒരു ശൂന്യത അവിടമാകെ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു..
കലാകാരന് ഒരിക്കലും മരണമില്ല എന്ന് പറയുന്നത് മനുഷ്യന്റെ കാര്യത്തിൽ മാത്രമാണ് ശരി എന്ന് അന്ന് മനസിലായി , ആ മരവും അതുവരച്ചിട്ട ചിത്രവും മാഞ്ഞിരിക്കുന്നു, അറിയാതെയാണ് എങ്കിലും തന്റെ കലസൃഷ്ടിക്കൊപ്പം അവിടമാകെ വാരിവിതറിയ തണലും ഇല്ലാതയിരിക്കുന്നു. ഹോസ്പിറ്റലിന്റെ പുതിയ കെട്ടിടത്തിനായി ആ മരത്തെ ആപ്പാടെ വെട്ടി നീലംപരിശാക്കികളഞ്ഞു.
അത്രയും നാൾ ഒരു മരം ഇല്ലാതാകുന്നത് മനസിൽ ഒരു ചലനവുമുണ്ടാക്കാത്ത ഒരു സംഭവമായിരുന്നു. എന്നാൽ ഇന്ന് അത് വലിയ ഒരു ശുന്യത മനസിൽ തന്നു . ആർക്കും പറഞ്ഞ് മനസിലാക്കി കൊടുക്കാൻ പറ്റാത്ത ഒരു ശൂന്യത…
പിന്നീടങ്ങോട്ട് പോകെ പോകെ വഴിയോരങ്ങളിലും നാട്ടിലും കാട്ടിലും പടർന്ന് പന്തലിച്ച പടുകൂറ്റൻ മരങ്ങളെയും അവരുടെ കലാസൃഷ്ടികളെയും ഡോക്യുമെന്റ് ചെയ്യാം എന്നുള്ള ഒരു ആശയം മനസിൽ വന്നു ചേർന്നു. അങ്ങനെ അതിനു വേണ്ടി ഒരു വെബ് സൈറ്റ് തുടങ്ങി theartistree.in